തൊടുപുഴ: പോലീസ് ജീപ്പില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും പുകയില ഉത്പന്നവും ചീട്ടും കണ്ടെടുത്ത സംഭവത്തില്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ രക്ത പരിശോധനാ ഫലം ലഭ്യമായില്ല. ഇന്നലെ പരിശോധനാ ഫലം ലഭിക്കുമെന്നായിരുന്നു സൂചന. ഇതിനായി പോലീസ് ഉദ്യോഗസ്ഥന് കാക്കനാട് കെമിക്കല്‍ ലാബില്‍ പോയെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചില്ല. വാഹനത്തിലുണ്ടായിരുന്ന കരിമണ്ണൂര്‍ എസ്ഐ എന്‍.എസ്. റോയിയും സിപിഒ ജിജോ ആന്റണിയും മദ്യപിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്.
ഇതിനിടെ സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി പി.എം.ബൈജുവിനോട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ സിഐ സിജോ വര്‍ഗീസ് പ്രാഥമിക റിപ്പോര്‍ട്ട് ഡിവൈഎസ്പിക്കും കൈമാറിയിട്ടുണ്ട്.